ഇരിട്ടി: തനിച്ചു താമസിക്കുന്ന എൺപതുകാരിയെ അപായപ്പെടുത്തി സ്വർണവും പണവും കവരാൻ ശ്രമം. പടിയൂർ നിടിയോടിയിലെ പൂല്ലാഞ്ഞിയോടൻ പദ്മിനി അമ്മയെയാണ് വീട്ടിൽ കയറി അപായപ്പെടുത്താൻ ശ്രമമുണ്ടായത്. കഴിഞ്ഞദിവസം സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്നതിനിടെ വീട്ടിലെ കുരുമുളക് വള്ളികൾക്കിടയിൽ ഒരാൾ മറഞ്ഞു നിൽക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ചേച്ചി എന്നു വിളിച്ച് അടുത്തെത്തിയ ഇയാൾ കുറച്ച് കുഴന്പു തരുമോ എന്ന് ചോദിച്ച് വീട്ടിനകത്തേക്ക് കയറി കഴുത്തിന് പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പദ്മിനി അമ്മയുടെ വെപ്പ് പല്ല് പുറത്തേക്കു വീഴുകയും വായിൽ നിന്ന് ചോര വരികയും ചെയ്തു. ഇതു കണ്ട അക്രമിയുടെ പിടിത്തം അയഞ്ഞ സമയത്ത് പുറത്തേക്ക് കുതറി ഓടി ബഹളം വച്ചു. ബഹളം കേട്ട് റോഡിലൂടെ പോകുന്നയാൾ വീട്ടിലേക്ക് കയറി വന്നതോടെ അക്രമി രക്ഷപ്പെടുകയായിരുന്നുവെന്ന് പദ്മിനി അമ്മ പറഞ്ഞു.
പരിക്കേറ്റ പദ്മിനി അമ്മയെ സമീപത്ത് താമസിക്കുന്ന മക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഇരിക്കൂർ പോലീസും സ്ഥലത്തെത്തിയിരുന്നു. പോലീസ് നിർദേശിച്ചതിനെ തുടർന്ന് പദ്മിനിയമ്മ തന്റെ ആഭരണങ്ങളും പണവും മക്കളെ ഏൽപിച്ചു. ഈ മേഖലയിൽ റബർ ടാപ്പിംഗ് നടത്തുന്ന യുവാവാണ് അക്രമിയെന്ന് സംശയമുണ്ട്. ഇയാൾക്കെതിരെ നേരത്തേയും ഇത്തരം പരാതികൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പദ്മിനി അമ്മ ഇരിക്കൂർ പോലീസിൽ പരാതി നൽകിയിട്ട് രണ്ടു ദിവസങ്ങളായിട്ടും മൊഴിയെടുക്കാൻ എത്തിയില്ലെന്നും വീട്ടമ്മയോട് സ്റ്റേഷനിലേക്ക് പോകാനാണ് നിർദേശിച്ചതെന്നും ആക്ഷേപമുണ്ട്.
എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ അറിയിപ്പ് ലഭിക്കാൻ വൈകിയതാണ് കാരണമെന്നാണ് പോലീസ് പറയുന്നത്. വീട്ടിൽ ചെന്ന് മൊഴിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഇരിക്കൂർ എസ്ഐ എം.ജെ ബെന്നി പറഞ്ഞു.